Wednesday, 21 December 2011

ഒരു ചാവേര്‍ ബ്ലോഗറുടെ കഥ!

സമയം പാതിരാത്രി, പന്ത്രണ്ട് മണി.
ഉമ്മയും ഇത്താത്തയും എന്റെ അപ്പുറത്തും ഇപ്പുറത്തുമായിക്കിടന്ന്   ഒരു  ഉറക്കമത്സരം  തന്നെ നടത്തുകയാണ്. ഇത്തായുടെ ഭരതനാട്യത്തിന്റെ സ്റ്റെപ്പ്മാതിരി കൈയും കാലും വെച്ചുള്ള  കിടത്തം കണ്ടപ്പോള്‍  നടുപ്പുറത്ത് പട പടാന്ന് പൊട്ടിക്കാന്‍ തോന്നി!  എത്ര കാലമായി അവളോടു കല്യാണം  കഴിപ്പിക്കാന്‍ സമ്മതം ചോദിക്കുന്നു. ഒരേയൊരുത്തരം.

 " എനിക്ക് പഠിക്കണം , എനിക്ക്പഠിക്കണം !!!"

ഇവള്‍ക്കിതെന്തിന്റെ  സൂക്കേടാണ് റബ്ബേ................. എത്രയുംവേഗം ഇതിനൊരു പരിഹാരം കാണണം. കാരണം ഇവളുടേത് കഴിഞ്ഞിട്ടുവേണ്ടേ എനിക്കൊരു കൈനോക്കാന്‍! കുറെക്കാലമായി ഞാന്‍ സഹിക്കുന്നു.....അല്ലേലും  ഈ ഇത്താത്തമാര്‍  പാണ്ടിലോറികള്‍ പോലെയാ.    വേഗത്തിലൊട്ട് പോവുകയുമില്ല, സൈഡും തരില്ല....

ഇങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്നൊരുള്‍വിളി.....മനസില്‍ ലഡുവിന് പകരം ഒരു മോഹം പൊട്ടിയിരിക്കുന്നു!

മലര്‍ന്നു കിടന്നിരുന്ന ഞാന്‍ കുമ്പിട്ടുകിടന്ന് തലയിണയില്‍ കൈ കയറ്റിവച്ച് അതില്‍ താടിയെ വിശ്രമിപ്പിച്ചു, കഴിഞ്ഞദിവസം ബ്യൂട്ടിപാര്‍ലറില്‍പോയി വില്ല്കണക്കെ വളച്ച്, വെട്ടി വൃത്തിയാക്കിയ
പുരികക്കൊടി അല്‍പമൊന്നുയര്‍ത്തി ചിന്തിക്കാന്‍ തുടങ്ങി.....
ഈ പതിനേഴ്കാരിയുടെ പതിനേഴായിരം രോമങ്ങളും           എഴുന്നേറ്റുനിന്ന്   തലപുകയ്ക്കാന്‍ തുടങ്ങി.....(ആണായിരുന്നേല്‍ ഒരു ബീഡി മാത്രം പുകച്ചാല്‍ മതിയായിരുന്നു! ഇപ്പോള്‍ മനസിലായി ആണുംപെണ്ണും തമ്മിലുള്ള വ്യത്യാസം. എന്നിട്ടും സ്ത്രീപുരുഷസമത്വം,  സ്ത്രീ പുരുഷസമത്വം എന്ന് നിലവിളിക്കുന്നവരുടെ തലയില്‍ ചെളിക്കട്ട പോയിട്ട് ഒരു പ്ലാസ്റ്റിക് കഷണം പോലും ഇല്ലന്നാ തോന്നുന്നത്!)
ചുരുക്കിപ്പറഞ്ഞാല്‍ പ്രശ്നം ഇതാണ്;
സ്വന്തമായി അല്‍പം തല്ലുകൊള്ളിത്തരവും സ്വത്തായി സാമാന്യം നീളമുള്ള ഒരു നാവും മാത്രമുള്ള എനിക്ക് എഴുതാനൊരു പൂതി!
അതും ബ്ലോഗില്‍
എന്തു ചെയ്യും?????
തല്‍കാലം ഇപ്പോള്‍ കിടന്നുറങ്ങാം, നാളെ വേണ്ടത് ചെയ്യാം....

പിറ്റേന്ന് പതിവിലും നേരത്തേ എഴുന്നേറ്റു.     കുളിച്ചു കുപ്പായമിട്ടു
കുട്ടിക്കൂറമണം പരത്തി ഞാന്‍ സിസ്റ്റത്തിനു മുന്നില്‍ 'ബ്ലോഗ്' പഠിക്കാനായി ഇരുന്നു.

ചില പോസ്റ്റ്കളെയും    അവയുടെ തന്തമാരെയും പരിചയപ്പെട്ടു.
ഒളിഞ്ഞും തെളിഞ്ഞും അവരെ പരീക്ഷിച്ചു.
കണ്ണുമിഴിച്ചും കഴുത്ത്ചെരിച്ചും നിരീക്ഷിച്ചു.
വായിച്ചു,
ചിന്തിച്ചു,
ഊഹിച്ചു.

ഈ ബ്ലോഗ് ലോകം മുഴുവന്‍ ബുദ്ധിയുള്ളവരാണല്ലോ! അക്ഷരങ്ങള്‍കൊണ്ട് സര്‍ക്കക്കസ് കാണിക്കുന്നവര്‍
ചിലര്‍ എകരത്തിരുന്ന് കനമുള്ള വര്‍ത്താനം പറയുന്നു!
ചിലര്‍ കാര്യങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു.
ഇനി മറ്റ്ചിലര്‍ തട്ടുപൊളിപ്പന്‍ കവിതകളെഴുതുന്നു.
ചിലയിടങ്ങളില്‍ സുന്ദരമുഹൂര്‍ത്തങ്ങള്‍ സാക്ഷ്യം വഹിക്കുന്ന
ഹൃദയ സ്പര്‍ശിയായ അനുഭവങ്ങള്‍ കാണാം. ഇതൊക്ക കണ്ട് ഏറെക്കുറെ അന്തംവിട്ട അവസ്ഥയിലാണ് ഞാന്‍

"നിനക്കിത് വേണോ?"  ഞാന്‍ എന്നോടുതന്നെ ചോദിച്ചു.

ഈ വിവരമുള്ളവരുടെ മുന്നില്‍ പോയി പുഞ്ചിരിക്കാന്‍ ശ്രമിച്ചാല്‍ അതൊരു ഇളിച്ചുകാട്ടലായി മാറില്ലേ? നിനക്ക് പഴയത് പോലെ അപ്പുറത്തെ വീട്ടിലെ കോഴീടെ കാലിന് കല്ലെറിഞ്ഞും വല്ല്യുമ്മാനോടു തറുതല പറഞ്ഞും നടന്നാല്‍ പോരെ?
ഇനി കോപ്രായങ്ങള്‍ ഇന്റ ര്‍നെറ്റിനു മുന്നില്‍ തന്നെ
വേണമെന്നുണ്ടങ്കില്‍ ചാറ്റിയും ചീറ്റിയും സമയം കളയാം!
ഒരു ഭംഗിയുള്ള പെണ്കുട്ടിയുടെ ഫോട്ടോ  uplod ചെയ്താല്‍ കമന്റ്കളുടെയും റിക്ക്വസ്റ്റ്കളുടെയും ഘോഷയാത്രയാവും.. ആണ്‍സഹോദരികളോടും പെണ്‍സഹോദരന്‍മാരോടും ചങ്ങാത്തം കൂടാം!
ഇതൊക്ക പോരെ?

മിന്നല്‍പ്പിണര്‍പ്പിനെപ്പോലും മിന്നാമിനുങ്ങായിരിക്കും എന്ന്പറഞ്ഞു നിസ്സാരവല്‍കരിക്കുന്ന ഞാന്‍ ഇത്തവണ ഒന്ന് പരുങ്ങി. വയറിനകത്ത് നിന്നൊരു കാളല്‍
നെഞ്ചിന്നകത്തൊരു കത്തല്‍
കുഞ്ചിയിലൊരു ചൊറിച്ചില്‍ !
ആകെ  കണ്‍ഫ്യൂഷന്‍
തീക്കളി മാത്രം കളിച്ച് ശീലമുള്ള എനിക്ക് ഈ കുട്ടിക്കളി വേണോ!
വേണ്ട
ഒന്നൂടെ ആലോചിച്ചിട്ട്  മതി.
തത്കാലം ആയുധം വെച്ച് കീഴടങ്ങലാണ് ബുദ്ധി.

പ്രിയ  ബ്ലോഗര്‍മാരെ ബ്ലോഗറികളെ ഞാനിതാ പിന്‍വാങ്ങുന്നു;
എഴുതാനുള്ള പൂതി പറിച്ചെറിഞ്ഞുകൊണ്ട്!
ഇഷ്ടമുണ്ടായിട്ടല്ല,
നിങ്ങളുടെയൊക്കെ ഇടയില്‍ പിടിച്ച് നില്‍ക്കാന്‍ മാത്രം
വിവരം വെക്കട്ടെ! എന്നിട്ടു വരാം.

                       
                        - ശുഭം-