Monday 26 March 2012

സ്വര്‍ഗ്ഗത്തിലൊരു ഇത്താത്ത

അന്നും പതിവുപോലെ വയര്‍ നിറച്ചു ചപ്പാത്തീം  കറിയും കഴിച്ചുറങ്ങാന്‍ കിടന്നതായിരുന്നു ഈ മിന്നുക്കുട്ടി.
ഇത്ത മുറിയില്‍ ബഹുത് ജോറായി പഠിക്കുവാണ്.
ഇന്നെന്താണാവോ വിശേഷം!  ഇരുന്നല്ലല്ലോ.,  വാലിനു തീപിടിച്ച പോലെ  അങ്ങോട്ടും ഇങ്ങോട്ടും നടന്നാണല്ലോ വായന! ചിലപ്പോള്‍  അവള്‍ടെ കോളജിലെ ഏതെങ്കിലും ഒരു ഹവറില്‍  ഒരു  class test പറഞ്ഞിട്ടുണ്ടാവും.  അത് മതി അവള്‍ക്ക്   ബേജാറാവാന്‍.!

ഇങ്ങനൊരു പേടിത്തൂറിയെ ഭൂലോകത്തല്ല, ബൂലോകത്ത് പോലും കാണാന്‍ കിട്ടില്ല.
ഹയ്യട, ഇവള്ടെ ഒരു പഠിത്തം!  
എന്റെ ഈ കിടപ്പും അവള്ടെ പഠിത്തോം   കണ്ടോണ്ട് ബാപ്പയെങ്ങാനും കേറി വന്നാല്‍ പിന്നെ തീര്‍ന്നു കഥ! 
എനിക്ക് ചീത്ത കൊണ്ട് അഭിഷേകമായിരിക്കും.  ദേഷ്യം വന്നാ ബാപ്പ അഭിഷേക് ബച്ചനാ അഭിഷേക് ബച്ചന്‍!

"എന്താ നിനക്ക് മാത്രം ഒന്നും പഠിക്കാനില്ലേ?" എന്ന് തുടങ്ങിയ പരട്ടച്ചോദ്യങ്ങളും ഉണ്ടാവും.

എന്നെ പറയിപ്പിക്കാന്‍ വേണ്ടി മാത്രമാണോ റബ്ബേ നീയിവളെ സൃഷ്ടിച്ചത്? 
ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല, എങ്ങനേലും പഠിപ്പില്‍ നിന്ന് ഇവള്ടെ ശ്രദ്ധതിരിച്ചു വിടണം ! തല്ക്കാലം വെറുതെ ഒന്ന് ചൂടാക്കി വിടാം ...

"എന്തോന്നാടീ, ഇന്നു ഇച്ചിരി സീരിയസ് ആയിട്ടാണല്ലോ കാര്യങ്ങള്‍ ഇരിപ്പൊന്നും ഉറക്കുന്നില്ലേ? നടന്നാണല്ലോ പഠിത്തം? എന്താ നിന്റെ പിന്നാമ്പുറത്ത് കുരുപൊട്ടിയോ? "

"മിന്നൂ, ടിസ്റ്റര്‍ബ് ചെയ്യാതെ ചുമ്മായിരി.."
അതും പറഞ്ഞു എന്നെ കനപ്പിച്ചു നോക്കിയിട്ട് അവള്‍ പഠനം തുടര്‍ന്നു. നമ്മള്‍ക്കങ്ങനെ വിടാന്‍ ഒക്കില്ലല്ലോ.

"നനായി പഠിച്ചോ. ഇവടത്തെ കിച്ചനിലൊരു കളക്റ്ററുടെ വേക്കന്സിയുണ്ട്. നല്ല മാര്‍ക്ക് വാങ്ങിയാല്‍ ഉമ്മയോട് പറഞ്ഞു ഞാന്‍ ശരിയാക്കിത്തരാം. ബൈ. ബൈ.. റ്റാറ്റാ..

"എടീ നരോന്തേ, ഓവര്‍ സ്മാര്‍ട്ട്‌ ആവല്ലേ. അധികം വെളഞ്ഞാ നിന്റെ ബോട്ടണി നോട്ടില്‍ നിന്ന് കിട്ടിയ സാധനം എടുത്തു ബാപ്പാക്ക് കൊടുക്കുവേ. പറഞ്ഞേക്കാം..."

" ഓ പിന്നേയ് ..  ബോടണി നോട്ട്!  +2 മൊത്തം സബ്ജെക്റ്റും ഒരു നോട്ടില്‍ അട്ജെസ്റ്റ്‌ ചെയ്യുന്ന എനിക്ക് ബോട്ടണിക്ക്‌ സ്പെഷ്യല്‍ ആയി നോട്ടുണ്ടെന്ന്!  പടച്ചോന്‍ കേക്കണ്ട. അങ്ങേര് ചിരിച്ചു താഴെ വീണേക്കും. ഒന്ന്  പോടീ. അത് തന്നെ നുണ , പച്ചനുണ.."

"കാണിച്ചുതരാമെടീ , ഇപ്പം കാണിച്ചുതരാമെന്നും" പറഞ്ഞു കലിതുള്ളിക്കൊണ്ട് അവള്‍ എന്റെ നോട്ടുമായി വന്നു

"നോക്കെടീ ... ഇത് നിന്റെ നോട്ടല്ലേ.?"

"ഉവ്വോ.. എനിക്കറിയില്ലാട്ടോ.." ഞാന്‍ കൈ മലര്‍ത്തി.

"മിന്‍ഹ സിദ്ധീഖ്‌...., +2 സയന്‍സ്, ബോട്ടണി.  ഇത് നീയല്ലാ..? ഇതു നിന്റെ നോട്ടല്ലാ..?"

പറഞ്ഞ പോലെ പേരും ജാതകവും എന്റെതാണല്ലോ. അപ്പോപിന്നെ അതെന്റെ നോട്ടു തന്നെ. 

"ബോട്ടണി മാത്രമല്ല എന്റെ Maths നോട്ടും ഫിസിക്സ് നോട്ടും ഒക്കെ ഇത് തന്നെയാ. പിന്നെ ബോട്ടണി സാര്‍ ഇച്ചിരി സുമഖനാ , അത് കൊണ്ടാ  ബോട്ടണി എന്ന്  ചുമ്മാ എഴുതിവെച്ചത്.. "

"നിനക്കിനി നോട്ടില്ലേലും എനിക്കൊരു ചുക്കുമില്ല. അതല്ല ഇവടെ പ്രശ്നം" എന്നും പറഞ്ഞു അവള്‍ എന്റെ  നോട്ടില്‍ നിന്നും ഒരു പേപ്പര്‍ കൈയിലെടുത്തു. എന്നിട്ട് ചോദിച്ചു.

"നിന്റെ കളിയൊന്നും എനിക്ക് മനസിലാവുന്നില്ലെന്നു വിചാരിക്കണ്ട.  എന്തായിത്? എന്താ ഇതിന്റെ അര്‍ഥം? ആരാ നിനക്കിത് അയച്ചത്? ഇതിനു മാത്രം എന്ത് ബന്ധമാ നിങ്ങള്‍ തമ്മില്‍? ഇങ്ങനൊരു മെയില്‍ അയക്കണമെങ്കില്‍  നീ അയാളെ  എത്രയധികം ശല്യം ചെയ്തിട്ടുണ്ടാവും? എത്ര     മാന്യനായ  മനുഷ്യന്‍ ! താണുകേണല്ലേ  അയാള്‍ നിന്നോട് അപേക്ഷിച്ചത് ഉപദ്രവിക്കരുതെന്ന്.."

ഇവളെന്തൊക്കെയാ റബ്ബേ  ഈ പറയുന്നത്? എനിക്ക് മെയില്‍ വന്നെന്നോ. +2 കഴിഞ്ഞിട്ടേ പ്രേമിക്കൂന്നും പറഞ്ഞു നടക്കുന്ന എനിക്ക് ആരോടോ ബന്ധമുണ്ടെന്ന്. ഇവള്ക്കിനി  വട്ടായോ. പാവം. എത്ര നല്ല പെണ്ണായിരുന്നു. പഠിച്ചുപഠിച്ചു വട്ടായിക്കാണും..  ഞാനവളെ  സമാധാനിപ്പിക്കാന്‍ ശ്രമിച്ചു ....

"ഇത്താ, കൂള്‍ഡൌണ്‍ ,  ഇത്താക്ക്  മിന്നു ഇല്ലേ?  ഇത്താന്റെ പുന്നാര അനിയത്തി.
വാ ഇവിടെ വന്നിരിക്കു.  ഇത്ത  ഒന്ന്കൊണ്ടും പേടിക്കേണ്ട. നമുക്ക്‌ ഊളന്പാറയിലോ കുതിരവട്ടത്തോ എവിടെ വേണേലും പോവാം .. ഇതാന്റെ വട്ട്  ഈ മിന്നൂട്ടി ഞൊടിയിട കൊണ്ട് മാറ്റിത്തരാം!

ഇത് കേട്ടതും അവള്‍ടെ പുരികം വളഞ്ഞു , മൂക് ചുവന്നു.  ചുണ്ടുകള്‍ വിറച്ചു. കണ്ണിലെ കൃഷ്ണമണികളില്‍ ദേഷ്യം... ദേഷ്യം..... ദേഷ്യം....!!
പിന്നെ ആ പേപ്പറും നോട്ടും കൂടെ ഒരേറായിരുന്നു എന്റെ മുഖത്തെക്ക് !
ഇതിനു മാത്രം എന്ത് കുന്തവും കുടച്ചക്രവുമാണ് അതിലുല്ള്ളതെന്നു ഒന്നറിഞ്ഞിട്ടു തന്നെ ബാക്കി. ഞാന്‍ ആ പേപ്പര്‍ എടുത്തു നോക്കി !

അയ്യേ ഇതാണോ കാര്യം?
ഇത കണ്ടിട്ടാണോ ഇവള്‍ ഈ കസര്‍ത്ത് മുഴുവന്‍ കാട്ടിക്കൂട്ടിയത്
ചിരിച്ചു ചിരിച്ചു കപ്പാന്‍  ബെഡില്‍ മണ്ണില്ലാത്തത് കൊണ്ട്  ബെഡ്ഷീറ്റും തലയിണയും കപ്പി ഞാനങ്ങ് അഡ്ജസ്റ്റ്‌  ചെയ്തു .
എന്റെ ചിരി കണ്ട് അവള്‍  കൂര്‍പ്പിച്ചു നോക്കി, ഇത്ര വലിയൊരു ബോംബ്‌  പൊട്ടിച്ചിട്ടും  നീ കുലുങ്ങിയില്ലേടീ എന്ന മട്ടില്‍ 

"എടീ പൊട്ടത്തീ,  വീട്ടില്‍ ഇന്റര്‍നെറ്റ്‌ സൌകര്യമില്ലാത്ത എന്റെ ഒരു ഫ്രെണ്ടിനു വായിക്കാന്‍  വേണ്ടി ഞാന്‍ നെറ്റില്‍ നിന്ന്  പ്രിന്റ്‌ ചെയ്തെടുതതതാണ്. വേറെയും കുറെ കവിതകളും കഥകളും കൂടി ഉണ്ടായിരുന്നല്ലോ  .. അതൊക്കെ എവിടെ?"

"  അതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല... ഇത്   ആരോ നിനക്കായി എഴുതിയത് തന്ന്യാ... വെറ്തെ എന്നെ കളിപ്പിക്കണ്ട. സത്യം പറഞ്ഞോ. "

"ഒന്ന് പോടീ മന്ദബുദ്ധീ... ഇതൊരു കവിതയാ . പ്ലീസ്. എന്നെ ഉപദ്രവിക്കരുത് എന്ന കവിത. എന്റെ ഫ്രണ്ട് അളകക്ക് വായിക്കാന്‍ വേണ്ടി പ്രിന്റ്‌ ചെയ്തതാ. സത്യം!  അതേയ്, ഗൂഗിളില്‍ പഠിക്കാനുള്ളത് മാത്രം സേര്‍ച്ച്‌ ചെയ്താല്‍ പോര.. ഇടക്കൊക്കെ ബ്ലോഗും ഫേസ്ബുകും ഒക്കെ ഒന്ന് നോക്കണം കേട്ടോ.  ഇത്താക്ക് ബൂലോകം അറിയാമോ?"

"കഴുതേ, ബൂലോകമല്ല,  ഭൂലോകം . ഭാരതത്തിന്റെ 'ഭ'.  നീ പറയുന്നത് ബലൂണിന്റെ 'ബ' യാണ്"

"ദേ. പിന്നേം പൊട്ടത്തരം.. എന്റെ ഇത്താ. ബൂലോകം എന്ന് പറഞ്ഞാ ഒരു വലിയ കാടാണ്. അവിടെ പുലി പൂച്ച എലി പെരുച്ചാഴി എലിയെ പിടിക്കുന്ന കാട്ടുപൂച്ചകള്‍ ആട് കോഴി  കോഴിയെ കക്കുന്ന കുറുക്കന്മാര്‍  മുടിവെട്ടുന്നവര്‍  അങ്ങനെയങ്ങനെ ഒരാദിവാസി ദുന്യാവാ അത്. അവിടത്തെ മൂപ്പന്‍ രോമ ഗുമാരനെ അറിയോ? മുറിവയ്ദ്യന്‍ കണ്ണൂരാനെ അറിയോ..?"

"കണ്ണ് മാത്രല്ല .  ഇങ്ങനെ പോയാല്‍ നിന്റെ എല്ല് വരെ ഞാനൂരും.."

"എങ്കില്‍ കൊമ്പനെ അറിയുമോ?

"ഏതു? നമ്മുടെ കാളിയത്തെ ഉത്സവത്തിന്  എഴുന്നള്ളിക്കുന്ന ആ ഗജകേസരിയോ?"

"അത് തലയെടുപ്പുള്ള കൊമ്പനല്ലേ. ഇത് തലയും വാലുമില്ലാത്ത ഒരു കുഴിയാനയാ. പോട്ടെ.  മാനിഫിനെ അറിയുമോ?"

"അവനാണോ   നിന്റെ പുതിയ ലൈന്‍ ?

"അക്ഷരത്തെറ്റ് കണ്ടാല്‍ വടിയെടുക്കുന്ന രമേശ്‌ അരൂരിനെ അറിയാമോ?"

"ഇതെന്താ നീ ഒന്നാം ക്ലസിലാണോ പഠിക്കുന്നത്? അക്ഷരത്തെറ്റിന് വടിയെടുക്കാന്‍ .."

"എങ്കില്‍ പെണ്കുട്ട്യോള്‍ കിടക്കണ പോസ്സു എങ്ങനാണെന്ന് ചോദിച്ച  മണ്ടുസനെ അറിയുമോ?

"ഛീ  ... ഇങ്ങനെയുള്ളവരുമായിട്ടാണോ  ഇപ്പോള്‍ നിന്റെ കൂട്ട്? ഇത് ഞാന്‍ എന്തായാലും ബാപ്പാനോട്  പറയും, ഉറപ്പാ..."

"സൈനോക്കുലര്‍ അറിയുമോ?"

"ബൈനോക്കുലര്‍ അറിയാം .."

"അനാമിക?
ഷാനവാസ്‌? 
കാദു?
കൊച്ചുമോള്‍?
ഫൈസല്‍ ബാബു?
ഇസ്മയില്‍ ചെമ്മാട്?
ചാണ്ടിച്ചന്‍?
ഷബീര്‍?
മുരളി മുകുന്ദന്‍?
മനോരാജ്?
ഇവരെ ആരെയെങ്കിലും അറിയാമോ?"

"അനാമിക അപ്പറത്തെ ലീലെച്ചിടെ മോളുടെ കുട്ടിയല്ലേ? കുഞ്ഞുവായില്‍ വല്ല്യ വര്‍ത്താനം പറയുന്ന ആ കൊച്ചു സുന്ദരി..?"

"അയ്യോ..  അത്  വേ ,  ഇത് റേ  .... ഇതു ബൂലോകത്തെ അനാമിക !  കുഞ്ഞായിരുന്ന കാലത്ത്‌   കുണുക്കിട്ട കോഴി എന്നതിന് പകരം ച്ചുനുച്ചിട്ട ചോഴി എന്നും പറഞ്ഞു തുള്ളിക്കളിച്ച അനാമിക."

"ഒന്ന് പോടീ , നിനക്ക് വട്ടാ... നീ ബൂലോകത്തോ ഭൂലോകത്തോ എവടെ വേണേലും  പോ..  എന്ത് വേണേലും ചെയ്യ്.. നിന്റെ വായില്‍ ഈ നശിച്ച നാവു കിടക്കുന്നിടത്തോളം കാലം നീ നന്നാവുകയില്ല.  ഞാന്‍ പോണു , എനിക്ക് പഠിക്കാനുണ്ട് "

"പോടീ പോ... അല്ലേലും പഠിക്കാനല്ലാതെ നിനക്ക് വേറെ എന്തോന്നറിയാം? ബ്രണ്ണനിലാണെന്നു  വച്ച് ഇത്ര അഹങ്കാരം പാടുണ്ടോ?  ഒരുവല്യ MAക്കാരി! നിന്റെ  എക്കണോമിക്സും, മാക്സിമം യൂറ്റിലൈസേഷന്‍ ഓഫ് മിനിമം റിസോഴ്സും ഒന്നും ഒരുകാലത്തും ഗുണം പിടിക്കത്തില്ലെടീ "

"മിന്നു, i told you many times ,  will you please shut your mouth?"

അയ്യോ ഇംഗ്ലീഷ്! അവള്‍ക്ക് കലിപ്പിളകിയാല്‍ പിന്നെ ഇംഗ്ലീഷേ വരൂ.     ഇനി മിണ്ടണ്ട. ഉറങ്ങിക്കളയാം. അല്ലേലും എനിക്ക് വര്‍ത്താനം പറയാന്‍ പറ്റിയ standard ഒന്നും അവള്‍ക്കില്ല. അവള്‍ ഡീസന്റാ. എന്നെപ്പോലെ പാവമല്ലാന്ന്..

ഈ ബ്ലോഗ്‌ കൊണ്ട് ഇനിയെന്തൊക്കെയാണാവോ ഉണ്ടാവാന്‍ പോന്നത്! ങ്ങ്ഹാ.. അനുഭവിക്കുക തന്നെ.
മതി മതി. എല്ലാരും എന്തേലും പറഞ്ഞിട്ട് പോ. പിന്നെ, പറയുമ്പോ മിന്നു പുതിയ ആളല്ല പഴയ ആളാണ്‌ എന്ന് പ്രത്യേകം പറയണം കേട്ടോ..!

                                                             - ശുഭം -